സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്ര സർക്കാരല്ല; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്ര സർക്കാരല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ പറയുന്നത്ര തുക കേന്ദ്ര സർക്കാർ തരാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് 1800 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ആ കണക്ക് നിയമസഭയിൽവച്ച് തങ്ങൾ പൊളിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായിക്കെതിരെ വരുന്ന കേന്ദ്ര അന്വേഷണങ്ങളെ ഒത്തുതീർപ്പാക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരനാണ്. വി മുരളീധരൻ മുഖ്യമന്ത്രിയുമായി രാത്രി സംസാരിക്കുന്നു. കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനാണ്. പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തെപ്പറ്റിയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീമിന്റെ പരിശോധന പ്രതിപക്ഷം നിരീക്ഷിച്ചുവരികയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാൻ എന്തിനാണ് എട്ടുമാസമെന്നും അദ്ദേഹം ചോദിക്കുന്നു.