മദ്യക്കയറ്റുമതി; അബ്കാരി ചട്ടങ്ങളിൽ ഇളവ് നൽകാൻ ശുപാർശ നൽകി വിദഗ്ധസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മദ്യക്കയറ്റുമതിക്ക് അബ്കാരി ചട്ടങ്ങളിൽ ഇളവ് നൽകാൻ ശുപാർശ നൽകി വിദഗ്ധസമിതി. കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എം.ഡി എസ്. ഹരികിഷോർ ചെയർമാനായ സമിതിയാണ് ശുപാർ നൽകിയത്. കയറ്റുമതി സാധ്യതകൾ പഠിച്ചശേഷമാണ് സമിതി ഇളവിന് നിർദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എക്സൈസുമായി കൂടിയാലോചിച്ച് മാത്രമേ സ്വീകരിക്കൂ.

സമിതി പരിശോധിച്ചത് മദ്യകയറ്റുമതിയുടെ വ്യവസായ സാധ്യത മാത്രമാണ്. നിലവിലുള്ള നിയമങ്ങളിൽ ചില ഇളവുകൾ നൽകിയാൽ കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് സമിതി നിർദേശിക്കുന്നു. സമിതിയുടെ പ്രധാനപ്പെട്ട ശുപാർശകളിലൊന്ന് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലേബൽ, ബ്രാൻഡ് രജിസ്ട്രേഷൻ എന്നിവ ഒഴിവാക്കണമെന്നതാണ്. ഇതര സംസ്ഥാന ഡിസ്റ്റലറികൾക്ക് കേരളത്തിനുള്ളിലെ ഡിസ്റ്റലറികളിൽ അവരുടെ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. ഇതിൽ മാറ്റം വരുത്തുകയും, ഡിസ്റ്റലറികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും മദ്യം നിർമിക്കാൻ അനുമതി നൽകണമെന്നും സമിതി ശുപാർശ നൽകിയിട്ടുണ്ട്.

പുതിയ ബ്രാൻഡുകൾ വരുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കൂടുമെന്ന് സമിതി പറയുന്നു. സംസ്ഥാനത്ത് 17 ഡിസ്റ്റലറികളാണുള്ളത്. ഇവയുടെ 55 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. കൂടുതൽ സംരംഭകർക്ക് അവസരം നൽകാവുന്നതാണെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്.