വീണാ വിജയന് കുരുക്ക് മുറുകുന്നു; എസ്എഫ്ഐഒ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, എക്‌സാലോജിക് സൊല്യൂഷൻസിന്റെ ഉടമ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) ചോദ്യം ചെയ്യും. വീണയ്ക്ക് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട നോട്ടീസ് ഉടൻ ലഭിക്കുമെന്നാണ് വിവരം.

നോട്ടീസ് നൽകുക. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാകും. അതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്‌തേക്കില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കെഎസ്‌ഐഡിസി ഓഫിസിൽ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. നാലരയ്ക്കുശേഷം ഇവർ മടങ്ങി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ് വെയർ എസ്എഫ്‌ഐഒ സംഘം ശേഖരിച്ചു. അന്വേഷണം ചോദ്യംചെയ്തു കെഎസ്‌ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന നടന്നത്. സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.