ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല നരേന്ദ്ര മോദി; ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അവാസ്തവം പറഞ്ഞ് മോദി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭാരത് ജോഡോ ന്യായ യാത്രയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മോദി ജനങ്ങളെ താൻ ഒബിസി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹം ജനിച്ചത് ‘തെലി’ ജാതിയിൽപ്പെട്ട ഒരു കുടുംബത്തിലാണ്. 2000-ൽ, ഗുജറാത്തിലെ ബിജെപി സർക്കാർ ഈ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ മോദി ജന്മം കൊണ്ട് ഒബിസി അല്ലെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. തനിക്ക് ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല, മോദി ഒബിസി അല്ലെന്ന് തനിക്ക് എങ്ങനെ അറിയാം എന്ന് ചോദിക്ക്. അദ്ദേഹം ഒരു ഒബിസിയെയും കെട്ടിപ്പിടിക്കുന്നില്ല. ഒരു കർഷകന്റെയും കൈ പിടിക്കില്ല. ഒരു തൊഴിലാളിയുടെയും കൈ പിടിക്കുന്നില്ല. മോദി അദാനിക്ക് മാത്രമേ ഹസ്തദാനം നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

മോദി ലോകത്തോട് കള്ളം പറയുകയാണ്. ജാതി സെൻസസ് നടത്താൻ ബിജെപിക്ക് കഴിയില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മാത്രമേ കഴിയൂ, എഴുതിവെച്ചോളൂവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.