എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള സമരം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ആരംഭിച്ച് കേരളം. എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള സമരത്തിനാണ് ജന്തർമന്തറിൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചരിത്ര മുന്നേറ്റത്തിനാണ് ഇവിടെ നാന്ദി കുറിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു ചരിത്ര സന്ധിയിലാണ് നമ്മൾ. സംസ്ഥാനങ്ങളുടെ യൂണിയനായി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യം ഇന്ന് ജനാധിപത്യ വിരുദ്ധമായ സംസ്ഥാനങ്ങൾക്കുമേലുള്ള യൂണിയൻ എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന്റെ ദൃശ്യത കാണുന്നുണ്ട്. ഇതിനെതിരായ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. സംസ്ഥാനങ്ങളോടു നീതിപൂർവമായുള്ള പെരുമാറ്റം ഉറപ്പുവരുത്തുന്ന പുതിയൊരു പുലരിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിന് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. റിപ്പബ്ലിക് ഇന്ത്യയുടെ ചരിത്രത്തിൽ ഈ ദിനം ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താൻ നിർബന്ധിതമായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ അടക്കം ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വർഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്കു വന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുമേൽ നടത്തപ്പെടുന്ന കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെയാകെ പൊതുവായി ബാധിക്കുന്ന ചില കാര്യങ്ങൾ ഒന്നിച്ചു നിന്ന് കൈകാര്യം ചെയ്യണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.