ന്യൂഡൽഹി: ഉത്തർപ്രദേശിലെ റോഡുകളെ പ്രകീർത്തിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 2024 അവസാനത്തോടെ ഉത്തർപ്രദേശിലെ ദേശീയ പാത ശൃംഖല അമേരിക്കയുടെ റോഡ് ശൃംഖലയ്ക്ക് സമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലഖിംപൂർ ഖേരിയിലെ ചൗച്ച്, എൽആർപി, രാജപൂർ ക്രോസിംഗുകളിൽ നിർമ്മിച്ച മൂന്ന് റോഡ് മേൽപ്പാലങ്ങൾ (ആർഒബി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
297 കോടി രൂപയാണ് ആർഒബിയുടെ നിർമ്മാണ ചെലവ്. 3.8 കിലോമീറ്ററാണ് ആർഒബിയുടെ നീളം. ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് ആർഒബിയെന്ന് അദ്ദേഹം പറഞ്ഞു. നഗര റോഡുകളുടെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ വാണിജ്യ-കാർഷിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
വെർച്വലായി നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിതിൻ പ്രസാദയും പങ്കെടുത്തിരുന്നു. മേൽപ്പാലങ്ങൾ നഗര റോഡുകളുടെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം സമൃദ്ധിയുടെ പുതിയ വഴികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവീകരിച്ച റോഡ് അടിസ്ഥാന സൗകര്യങ്ങൾ ഒരു നഗരത്തിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംപിയുമായ അജയ് കുമാർ മിശ്ര ടെനി വ്യക്തമാക്കി.2014 മുതൽ മോദി സർക്കാർ പ്രതിവർഷം 13000 കിലോമീറ്റർ ദേശീയ പാതകൾ നിർമ്മിക്കുന്നുണ്ടെന്നും ഗ്രാമങ്ങളിൽ നിന്ന് പ്രധാന റോഡുകളിലേക്കുള്ള റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

