തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷണത്തിലെ നാല് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ ബംഗളൂരുവിലേക്ക് മടങ്ങി. മറ്റ് രണ്ട് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും. പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
പലർക്കും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫീസിലാണ് നടന്നത്.
ആദായ നികുതി വകുപ്പ് 2019ൽ തന്നെ സിഎംആർഎൽ ഓഫീസിൽ പരിശോധന നടത്തുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു. കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങൾ ഈ ഡയറിയിൽ നിന്നാണ് ലഭിച്ചത്.

