തിരുവനന്തപുരം: കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ചു. കിലോയ്ക്ക് 29 രൂപയാണ് ഭാരത് റൈസിന്റെ വില. കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്തെത്തി.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി എന്ന നിലയിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. നേരത്തെ ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാൽ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കിൽ ന്ദ്രേ സർക്കാർ വിതരണം ചെയ്തിരുന്നു.
സർക്കാർ ഏജൻസികളായ നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാൽ ഔട്ട്ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുന്നത്. ഭാരത് ആട്ട ബ്രാൻഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാൽ ബ്രാൻഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്.
ഭാരത് റൈസ് ലഭിക്കുക അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും. എൻ സി സി എഫ് സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകൾ ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തുമെന്ന് എൻ സി സി എഫ് കൊച്ചി മാനേജർ സി കെ രാജൻ പറഞ്ഞു. ഓൺലൈൻ വ്യാപാര സൗകര്യവും ഒരുക്കും. എഫ്‌സിഐയിൽ നിന്നാണ് അരി ശേഖരിക്കുന്നത്.

