ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ). മുഗൾ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നാണ് എഎസ്‌ഐ മറുപടി നൽകിയിരിക്കുന്നത്. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും എഎസ്‌ഐ അറിയിച്ചു.
മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങൾ നസുൽ കുടിയാന്മാരുടെ കൈവശമായിരുന്നില്ല. ഈ ഭാഗങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലമാണ് ഔറംഗസീബ് പള്ളിക്ക് വേണ്ടി ഉപയോഗിച്ചതെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ അജയ് പ്രതാപ് സിംഗ് എന്ന വ്യക്തി വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
എഎസ്‌ഐയുടെ ആഗ്ര സർക്കിൾ സൂപ്രണ്ടാണ് മറുപടി നൽകിയത്. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കത്തിൽ ഈ കണ്ടെത്തൽ നിർണായകമാകുമെന്നും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിവരാവകാശ മറുപടി ഉപയോഗിക്കുമെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.

