പി വി അൻവറിന്റെ പാർക്കിന് ലെെസൻസ് ഇല്ലെന്ന് സർക്കാർ; വിമർശനവുമായി കോടതി

കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ആവശ്യമായ അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ വിശദീകരിച്ചു.

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്നാണ് കോടതി ഉന്നയിച്ച ചോദ്യം. വിഷയത്തിൽ നാളെ മറുപടി നൽകണമെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പാർക്ക് അടച്ച് പൂട്ടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യപ്പെടുന്നത്. നാളെ വീണ്ടും ഹർജി പരിഗണിക്കും. ഗുരുതര ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയിൽ പി വി അൻവർ നടത്തിയതെന്നാണ് ഹർജിയിൽ വാദിക്കുന്നത്.

പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോയെന്ന് മൂന്ന് ദിവസത്തിനുള്ളിൽ അറിയിക്കാൻ ഹർജി നേരത്തെ പരിഗണിച്ചപ്പോൾ തന്നെ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ അറിയിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാർ തുറന്നു കൊടുത്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.