ന്യൂഡൽഹി: ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് എൽ കെ അദ്വാനി. തനിക്കു ലഭിച്ച ഭാരതരത്ന പുരസ്‌കാരം ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 14-ാം വയസ്സിൽ ആർഎസ്എസിൽ ചേർന്ന നാൾ മുതൽ പ്രാധാന്യം നൽകിയത് രാജ്യ സേവനത്തിനാണ്. പൊതുജീവിതത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങേയറ്റം കൃതജ്ഞതയോടും വിനയത്തോടും കൂടി ഭാരതരത്ന പുരസ്‌കാരം താൻ സ്വീകരിക്കുന്നു. തനിക്ക് ഈ പുരസ്‌കാരം ഒരു വ്യക്തി എന്ന നിലയിലുള്ള നേട്ടം മാത്രമല്ല, ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ള അംഗീകാരമാണ്. 14-ാം വയസ്സിൽ ആർഎസ്എസിൽ സന്നദ്ധസേവകനായി ചേർന്നതു മുതൽ തന്റെ രാജ്യത്തിനായി ജീവിതം നീക്കിവച്ചു. തന്റെ ജീവിതം രാജ്യത്തിനുള്ളതാണ് എന്ന ആപ്തവാക്യമാണ് തന്നെ മുന്നോട്ടുനയിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും അടുപ്പത്തോടെ തന്നോടൊപ്പം പ്രവർത്തിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെയും അടൽ ബിഹാരി വായ്പേയിയെയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. പൊതുജീവിതത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെയും സ്വയംസേവകരെയും നന്ദി അറിയിക്കുന്നു. എല്ലായ്പ്പോഴും പ്രവർത്തിക്കാനുള്ള ഊർജം നൽകിയ ഭാര്യ കമലയെയും മറ്റ് കുടുംബാംഗങ്ങളെയും ഓർക്കുന്നു. ഈ പുരസ്‌കാരത്തിനായി തന്നെ തിരഞ്ഞെടുത്തതിനു രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു നമ്മുടെ രാജ്യം ഇനിയും ഉയരങ്ങളിലേക്കു വളരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

