വൈസ് ചാൻസലർ നിയമനം നിയമപോരാട്ടത്തിലേക്കു നീങ്ങാൻ സാധ്യത; റിപ്പോർട്ട്

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനം നിയമപോരാട്ടത്തിലേക്കു നീങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ സർവകലാശാലകൾക്ക് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. സർവകലാശാലകൾ സഹകരിച്ചില്ലെങ്കിൽ വി.സി. നിയമനത്തിൽ സ്വന്തംനിലയിൽ മുന്നോട്ടുപോവാൻ ഗവർണർ തീരുമാനിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.

സെർച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധികളുടെ പേരുകൾ ഗവർണർ വാങ്ങിക്കഴിഞ്ഞു. യുജിസി പ്രതിനിധിക്കുപുറമേ, ഗവർണറുടെയും സർവകലാശാലകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സെർച്ച് കമ്മിറ്റി. 15-നുള്ളിൽ പ്രതിനിധിയെ നൽകാനാണ് സർവകലാശാലകൾക്കുള്ള നിർദേശം. വിസിമാരുടെ ഹിയറിങ് 24-ന് രാജ്ഭവനിൽ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പുതിയ വിസിമാരെ നിയമിക്കാനാണ് ഗവർണറുടെ തയ്യാറെടുപ്പ്.

അതേസമയം, ചാൻസലറുടെ നിർദേശത്തിൽ തീരുമാനമെടുക്കാൻ സെനറ്റ് യോഗങ്ങൾ വിളിക്കാൻ സർവകലാശാലകൾ ഒരുക്കംതുടങ്ങി. ‘കേരള’യിൽ 16-നാണ് യോഗം. കണ്ണൂർ, എം.ജി., ഫിഷറീസ്, കാർഷികം, കെ.ടി.യു., മലയാളം, കുസാറ്റ് സർവകലാശാലകളിലൊക്കെ വൈകാതെ യോഗം നടക്കുമെന്നാണ് റിപ്പോർട്ട്.