സഹകരണമേഖല വികസനത്തിന്റെ നട്ടെല്ല്; മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന്റെ കാര്യത്തിൽ നട്ടെല്ലായി പ്രവർത്തിക്കുന്ന ഒന്നാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒരു കൂട്ടർക്കും കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ല. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ, സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നു. ഈ വളർച്ച ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആനാട് സർവീസ് സഹകരണ ബാങ്കിന്റെ 100-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സംസ്ഥാനത്തെ സഹകരണ മേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആർജ്ജിക്കാൻ കഴിഞ്ഞു. അത് രാജ്യത്ത് പലർക്കും അസൂയ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുകയാണ്. കേരളത്തിലെ സഹകരണ മേഖല ഏത് ഏജൻസി വിചാരിച്ചാലും തകർക്കാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാടാണ് കേരളം. ഇവിടെ ജനങ്ങളും പ്രസ്ഥാനങ്ങളും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ താങ്ങായി സഹകരണ മേഖല പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീർത്തും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സുശക്തമായ മേഖലയാണ് സഹകരണ മേഖല. ഗ്രാമങ്ങളിൽ ബാങ്കിങ് രീതി എത്തിച്ചത് സഹകരണ മേഖലയാണ്. ഒരു ലക്ഷത്തി എൺപത്തി ആറായിരം കോടി രൂപയുടെ വായ്പയാണ് സഹകരണ മേഖല മുഖേന നടക്കുന്നത്. നാടിന്റെ അഭിവൃദ്ധിക്കാണ് സഹകരണ മേഖല പ്രാധാന്യം നൽകുന്നത്. സഹകരണ മേഖല പ്രശ്‌നങ്ങൾ നേരിട്ട ഘട്ടത്തിൽ കേരള സർക്കാർ ഫലപ്രദമായി ആ മേഖലയെ സഹായിക്കാൻ വന്നിരുന്നു. നോട്ടുനിരോധന ഘട്ടത്തിൽ സഹകരണ മേഖലയെ കുറിച്ച് തെറ്റായ ചിത്രം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സഹകരണ മേഖലയ്ക്ക് കൃത്യമായ ചട്ടവും നിയമങ്ങളുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിൽ സാധാരണ ഗതികൾക്ക് ക്രമം അല്ലാത്ത പ്രവർത്തനങ്ങൾ നടന്നുവെങ്കിൽ അത്തരം ഇടപെടലാണ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് സഹകരണ മേഖലയുടെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കുകയാണ്. മുഖം നോക്കാതെയുള്ള നടപടി ഇത്തരം ക്രമക്കേട് ഉണ്ടായ സ്ഥാപനങ്ങളിൽ ഉണ്ടായി എന്നുള്ളതാണ് അനുഭവം. സഹകരണ മേഖലയെ ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ല. അത്രത്തോളം വിശ്വാസ്യത നേടിയെടുക്കാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.