എൽ കെ അദ്വാനിക്ക് ഭാരതരത്‌ന; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തന്റെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. അദ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. താഴെത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

96-ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത്രത്‌ന അദ്വാനിയെ തേടിയെത്തുന്നത്. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി പ്രവർത്തിച്ചിട്ടുണ്ട്.