കോഴിക്കോട്: തണ്ണീർ കൊമ്പൻ ചരിഞ്ഞ വിഷയത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാട്ടാന ചരിഞ്ഞ വിവരം അറിയിച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഞ്ചംഗ സമിതിയാണ് രൂപീകരിക്കുക. വിജിലൻസ്, വെറ്ററിനറി പ്രതിനിധികളും, നിയമവിദഗ്ധനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുടെ പ്രതിനിധിയെയും സമിതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വിശദമാക്കി. നടുക്കമുണ്ടാക്കുന്ന വാർത്തയാണിത്. ബന്ദിപ്പൂരിൽ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്കയച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ പരിശോധന തുടങ്ങുന്നതിന് മുൻപ് തന്നെ ആന ചരിയുകയായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ ആനയുടെ മരണകാരണം പറയാനാകൂ. എല്ലാ കാര്യങ്ങളും സുതാര്യമായാണ് മാനന്തവാടിയിൽ നടന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് കേരളത്തിന്റെ പ്രതിനിധിയുമുണ്ടാകുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.

