ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെ ബജറ്റ് പ്രസംഗം. 2047 ഓടെ വികസിത ഭാരതത്തെ സൃഷ്ടിക്കുമെന്നും മികച്ച ഭരണം വീണ്ടും ഭരണത്തിലെത്താൻ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതായി. 80 കോടിയിലേറെ ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയിലുണ്ടായത് വലിയ മാറ്റം. വെല്ലുവിളികളെയെല്ലാം അതിജീവിക്കാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്നും നിർമ്മലാ സീതാരാമൻ അഭിപ്രായപ്പെട്ടു.
സമസ്ത മേഖലകളിലും സ്ത്രീശാക്തീകരണം സാധ്യമാക്കി. വിദ്യാഭ്യാസ-തൊഴിൽ രംഗത്തുള്ള സ്ത്രീ പ്രാതിനിധ്യം വർദ്ധിച്ചു. രാജ്യത്ത് മൂന്ന് സാമ്പത്തിക ഇടനാഴികൾ സൃഷ്ടിക്കും. ഊർജ-ധാതു-സിമന്റ് ഇടനാഴി, തുറമുഖ കണക്ടിവിറ്റി ഇടനാഴി, ഹൈ ട്രാഫിക് ഡെൻസിറ്റി ഇടനാഴി. ഇതിലൂടെ ലോജിസ്റ്റിക് മേഖലയിലെ കാര്യക്ഷമത വർദ്ധിക്കും. ഗതാഗത ചെലവ് ഗണ്യമായി കുറയും. ലക്ഷദ്വീപ് ഉൾപ്പടെയുള്ള ദ്വീപുകളുടെ തുറമുഖ കണക്ടിവിറ്റിയും, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യവികസനവും മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ആദായ നികുതി പരിധിയിൽ മാറ്റമില്ല. ടാക്‌സ് റിട്ടേൺ സുതാര്യമാക്കും. ഇറക്കുമതി തീരുവകൾക്കും മാറ്റമില്ല. നികുതിദായകർക്ക് ആശങ്ക നൽകിക്കൊണ്ട് നിലനിന്നിരുന്ന കാലഹരണപ്പെട്ട നികുതി സിദ്ധാന്തങ്ങൾ നീക്കം ചെയ്യും. ഇതിലൂടെ 1 കോടിയിലേറെ നികുതിദായകർക്ക് ഗുണം ലഭിക്കും. ഇന്ന രാജ്യം വളർച്ചയുടെ പാതയിലാണെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

