തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലിയറൻസ് നൽകി കേന്ദ്ര സർക്കാർ. ഡിഫൻസ് ക്ലിയറൻസും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം, സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്.
റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കെ യു ജനീഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. .
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) തയ്യാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ശുപാർശ പരിഗണിച്ച് ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്നതിന് ഒരു ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്.

