ന്യൂഡൽഹി: വീണാ വിജയനും സിഎംആർഎല്ലിനും കെഎസ്ഐഡിസിയ്ക്കും കുരുക്കു മുറുകുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നത്. അതിവേഗം പരിശോധനകളും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലും ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിവരം. രജിസ്ട്രാർ ഓഫ് കമ്പനീസ് നിലവിൽ അന്വേഷണം നടത്തുന്നത് കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ട പ്രകാരമാണ്.
പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോൺ ജോർജ്ജിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആർഒസിയും എറണാകുളം ആർഒസിയും എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ പോലും കമ്പനികൾക്ക് കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ഷോൺ ജോർജ്ജാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിലുള്ളത് ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ്. ആദ്യഘട്ടത്തിൽ മൂന്ന് കമ്പനികളിൽ നിന്നും എസ്എഫ്ഐഒ വിവാദ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ തേടാനാണ് സാധ്യത. അല്ലെങ്കിൽ നേരിട്ട് പരിശോധന നടത്താനോ, കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനോ ഉള്ള സാധ്യതയുമുണ്ട്. അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞാൻ അറസ്റ്റിനും പ്രോസിക്യൂഷനും അടക്കം അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ.

