ഭീകരവാദികൾക്കും തീവ്ര ആശയക്കാർക്കും കാനഡ ഇടം കൊടുക്കുന്നു; എസ് ജയശങ്കർ

ന്യൂഡൽഹി: കാനഡയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കുറച്ചു വർഷങ്ങളായി ഭീകരവാദികൾക്കും തീവ്ര ആശയക്കാർക്കും കാനഡ ഇടം കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവയ്ക്കണമെന്ന അപേക്ഷ തള്ളി ഇന്ത്യക്കെതിരെ പരസ്യപ്രതികരണം നടത്തുകയാണ് കാനഡ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാനഡയുടെ രാഷ്ട്രീയ ദൗർബല്യമാണ് ഇത്. ഇതുമൂലം സംഭവിക്കാൻ പാടില്ലാത്ത നിരവധി സംഭവങ്ങളുണ്ടായി. ഇന്ത്യയ്ക്കെതിരെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിനുമുൻപ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ പരസ്പരം കണ്ടിരുന്നു. താനും അവിടെയുണ്ടായിരുന്നു. കാനഡയെ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പറയണമെന്നും അന്വേഷണം നടത്താമെന്നും തങ്ങൾ അറിയിച്ചു. അവർ ഒന്നും പറഞ്ഞില്ല. പക്ഷേ, പരസ്യമായി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

ക്രിമിനലുകളെക്കുറിച്ച് ചില വിവരങ്ങൾ കൈവശമുണ്ടെന്നും അവ കൈമാറുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. അവ താരതമ്യം ചെയ്ത് തങ്ങളുടെ ഭാഗത്തു നിന്ന് അന്വേഷണം നടത്തും. അക്രമങ്ങൾക്കും തീവ്രആശയങ്ങൾക്കും ഭിന്നതയ്ക്കും കാനഡയുടെ രാഷ്ട്രീയത്തിൽ ഇടമുണ്ട്. യുഎസിൽ അത്തരമൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.