പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കും; ധനമന്ത്രി

ന്യൂഡൽഹി: ബജറ്റ് അവതരണം നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഒരുകോടിയിൽ പരം വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്.

രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. അങ്കണവാടി ജീവനക്കാരേയും ആശാവർക്കർമാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കും. കോവിഡിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ പ്രതിസന്ധികൾക്കിടയിലും പുരോഗതിയിലേക്ക് കുതിച്ചുവെന്നത് വളരെ പ്രധാനമാണ്. ഇന്ത്യയ്ക്ക് വൻ കുതിപ്പു നൽകുന്നതാണ് അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി. സാമ്പത്തിക പരിഷ്‌കരണങ്ങൾ നിക്ഷേപ സാധ്യതകൾ കൂട്ടി. ജിഎസ്ടിയിലൂടെ ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം നടപ്പാക്കാനായി. സുതാര്യ ഭരണമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് നിർമ്മലാ സീതാരമൻ ചൂണ്ടിക്കാട്ടി.

40,000 റെയിൽവേ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും. ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും, സൗകര്യപ്രദവുമാക്കാൻ ഇത് സഹായിക്കും. സമസ്ത മേഖലകളിലും സ്ത്രീശാക്തീകരണം സാധ്യമാക്കി. വിദ്യാഭ്യാസ-തൊഴിൽ രംഗത്തുള്ള സ്ത്രീ പ്രാതിനിധ്യം വർദ്ധിച്ചു. പാവപ്പെട്ടവർ, വനിതകൾ, കർഷകർ, യുവാക്കൾ എന്നിവർക്ക് പ്രഥമപരിഗണന നൽകും. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയിലുണ്ടായത് വലിയ മാറ്റം. വെല്ലുവിളികളെയെല്ലാം അതിജീവിക്കാൻ മോദി സർക്കാരിനായി. രാജ്യത്ത് ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതായി. 80 കോടിയിലേറെ ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭ്യമാക്കുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.