ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്രം; സിമിയുടെ നിരോധനം നീട്ടി

ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. കേന്ദ്രമന്ത്രി അമിത് ഷാ ആണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിമി യുഎപിഎ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിനെ ശക്തിപ്പെടുത്തിക്കൊണ്ട് യുഎപിഎ പ്രകാരം അഞ്ചുവർഷത്തേക്ക് കൂടി സിമിയുടെ നിരോധനം നീട്ടുകയാണെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന തരത്തിൽ സംഘടന മതസൗഹാർദ്ദവും സമാധാനവും തകർക്കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2001 ൽ സെപ്തംബർ 11 ആക്രമണത്തിന് പിന്നാലെ വാജ്പേയി സർക്കാരാണ് സിമിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. 2008 ആഗസ്റ്റിൽ സ്‌പെഷ്യൽ ട്രീബ്യൂണൽ നിരോധനം നീക്കിയെങ്കിലും സുപ്രീംകോടതി നിരോധനം പുനഃസ്ഥാപിച്ചു. പിന്നീട് 2014ലും 2019ലും നിരോധനം നീട്ടിയിരുന്നു.