തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള കടകംപള്ളിയുടെ കുറ്റപ്പെടുത്തലിനാണ് അദ്ദേഹം മറുപടി നൽകിയത്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ല, റോഡിൽ തന്നെ നടത്തണം. അതു നടത്തണമെന്നു മാത്രമല്ല എല്ലാം ഒരുമിച്ചു നടത്താതെ ചിലതു മാത്രം നടത്തി. അപ്പോ വരുന്ന ചർച്ചയെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.
ഈ റോഡിൽ എന്തുകൊണ്ട് പണി നടത്തുന്നില്ല, നടന്നുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും. ഇപ്പോ എല്ലാവരും ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തി നടത്തുന്നു. ഇതു ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉയർത്തുകയാണ്. കരാറുകാരനെ നീക്കം ചെയ്തതിൽ ചിലർക്കു പൊള്ളിയിട്ടുണ്ട്. നീക്കം ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ ചില പ്രയാസങ്ങൾ ചിലർക്കുണ്ട്. പൊള്ളലേറ്റു മുറിവുണങ്ങാത്തവർ എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വികസന പദ്ധതികളുടെ പേരിൽ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നായിരുന്നു. സിപിഎം നേതാവും മുൻമന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്. സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളിൽ വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം മേയറെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാര യോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികൾ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്. അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വർഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിലുണ്ട്. ഇതൊക്കെ എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്ന് കൂട്ടായി ആലോചിച്ച് ചെയ്തു തീർക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

