വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തുക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുക്കാൻ സിപിഎം. പെൺകുട്ടിയുടെ മാതാപിതാക്കൾ പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നും വായ്പ എടുത്ത 5 ലക്ഷം രൂപ സിപിഎം ഏറ്റെടുത്തു. സിപിഎം ജില്ലാ കമ്മിറ്റിയാണ് വായ്പാ ബാധ്യത ഏറ്റെടുക്കുന്നത്. ജനുവരി 31ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്തി കുടുംബത്തിനു തുക കൈമാറുമെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു അറിയിച്ചു.
2019 ലാണ് പെൺകുട്ടിയുടെ കുടുംബം ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തി ബാങ്കിൽ നിന്നും വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു വായ്പ എടുത്തത്. എന്നാൽ ആറു വയസ്സുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു. കുടിശിക ഉൾപ്പെടെ 7 ലക്ഷം രൂപയാണ് നിലവിലെ ബാധ്യത.

