തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് റോഡിലിരുന്നു പ്രതിഷേധിച്ചതിനാണ് ഗവർണർക്കെതിരെ മുരളീധരൻ വിമർശനം ഉന്നയിച്ചത്. ഗവർണർ തെരുവിൽ ഇരുന്നത് മോശപ്പെട്ട കാര്യമെന്ന് കെ മുരളീധരൻ പറഞ്ഞു.
ഗവർണർ വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യാൻ നോക്കണമായിരുന്നു. കരിങ്കൊടിക്ക് പൊലീസ് അഡ്ജസ്റ്റ്മെന്റ് ചെയ്യുകയാണ്. എസ്എഫ്‌ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമം. തങ്ങളുടെ പ്രവർത്തകർക്ക് ഇളവില്ലല്ലോ എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഗവർണറെ തിരിച്ചു വിളിച്ചിട്ട് കാര്യമില്ല, ഇത് പോയാൽ ഇതിനേക്കാൾ വലിയ സംഘി വരും. ഗവർണറെ തിരിച്ചുവിളിക്കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ. പ്രതിപക്ഷത്തിന് ഇതിൽ ഇടപെടേണ്ട കാര്യമില്ല. എല്ലാവരും ഒരു പോലെയാണ്. മോദിയുടെ ഏത് ഗവർണർ വന്നാലും ഈ അവസ്ഥയിൽ മാറ്റമുണ്ടാവില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കൊല്ലം നിലമേൽ ആയിരുന്നു ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ഗവർണർ കടന്നു പോകുന്ന വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയും ബാനറുകളും ഉയർത്തി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് മുൻപിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു.
പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നാടകീയ രംഗങ്ങളാണ് ഇന്ന് നിലമേലിൽ അരങ്ങേറിയത്. തന്റെ പേഴ്‌സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും പ്രതിഷേധത്തിനിടെ കുത്തിയിരുന്നു കൊണ്ട് ഗവർണർ വ്യക്തമാക്കിയിരുന്നു.

