രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർധിപ്പിച്ചു; ഇനി ലഭിക്കുക Z പ്ലസ് സുരക്ഷ

തിരുവനന്തപുരം: രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർധിപ്പിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സുരക്ഷ വർദ്ധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവർണർക്ക് ഇനി മുതൽ നൽകുക. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ലഭിച്ചിരുന്നത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും.

എസ്പിജി സുരക്ഷയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. ആഴ്ചയിലെ ഏഴ് ദിവസവും 24 മണിക്കൂറും ഇവർ ഗവർണർക്ക് സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോർട്ടും സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടും.