തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി. 10 വർഷത്തെ നിരോധനത്തിന് ശേഷമാണ് മണൽവാരലിന് അനുമതി ലഭിച്ചിരിക്കുന്നത്. മണൽ വാരൽ നിരോധനം നീക്കാൻ റവന്യു സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. തുടർന്നാണ് പുതിയ നീക്കം. പുതിയ ഉത്തരവിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
മാർച്ച് മുതലായിരിക്കും മണൽവാരുന്നതിന് അനുമതി നൽകുന്നത്. അതേസമയം, എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽ നിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് പദ്ധതിയിടുന്നത്.

