എപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തി; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. എഎപി എംഎൽഎമാരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹം ആരോപിച്ചു.

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എഎപി എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്‌രിവാൾ പറയുന്നു. സമൂഹ മാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കെജ്‌രിവാളിന്റെ പരാമർശം. ഏഴ് എഎപി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേരാൻ 25 കോടി വീതം ഓരോ എഎപി എംഎൽഎയ്ക്കും ബിജെപി വാഗ്ദാനം ചെയ്തു. തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അവരെ ഭീഷണിപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ സീറ്റും എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തു. 21 എംഎൽഎമാരെ ബന്ധപ്പെട്ടു എന്നാണ് വിളിച്ച ഏഴ് എംഎൽഎമാരോട് ബിജെപി നേതാവ് പറഞ്ഞത്. മറ്റുള്ളവരോടും സംസാരിക്കുകയാണെന്ന് പറഞ്ഞു. നിങ്ങൾക്കും വരാമെന്നും ബിജെപി നേതാവ് പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 21 എംഎൽഎമാരുമായി ബന്ധപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടെങ്കിലും 7 എംഎൽഎമാരെയാണ് ഇതുവരെ ബന്ധപ്പെട്ടതെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്നും അവരെല്ലാം ബിജെപിയുടെ ഓഫർ നിരസിച്ചെന്നും കെജ്‌രിവാൾ അറിയിച്ചു.