കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ച വിഷയത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.
അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണ്. എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ മറുപടി നൽകിയത്. ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിൽ. ഇതിലൊന്നും തങ്ങൾക്ക് പേടിയില്ല. തങ്ങളെ ജനങ്ങൾക്ക് അറിയാം. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലാണ് മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പോലീസ് കരാറുകാരന്റെ വാഹനം ഏർപ്പാടാക്കിയത്. മാവൂർ സ്വദേശിയായ വിപിൻ ദാസിന്റെ ഉടമസ്ഥതയിലുളള കൈരളി കൺസ്ട്രക്ഷൻ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാർ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. സാധാരണ പൊലീസിന്റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്.

