നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കും; റിപ്പോർട്ടുകൾ ഇങ്ങനെ

ചെന്നൈ: നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയായിരിക്കും വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്.

ഒരു മാസത്തിനുളളിൽ രാഷ്ട്രീയ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തേക്കും. എന്നാൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നാണ് വിജയുടെ തീരുമാനമെന്ന വിവരവും പുറത്തു വരുന്നുണ്ട്. സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഈയക്കം തീരുമാനിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിൽ സൗജന്യ ട്യൂഷൻ സെന്ററുകൾ, വായനശാലകൾ, ക്ലിനിക്കുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ കൂട്ടായ്മ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ മക്കൾ ഇയക്കത്തിന് ചുമതല നൽകിയിട്ടുണ്ട്. നേരത്തെ ലിയോ ചിത്രത്തിന്റെ പ്രമോഷനിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന വിജയ് മുന്നോട്ടുവെച്ചിരുന്നു.