ഭരണഘടന രീതിക്ക് ചേരുന്നതല്ല ഗവർണറുടെ നടപടി; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിട്ട നിലയിലാണ് ഗവർണറുടെ പെരുമാറ്റമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്നും മടങ്ങിയതിനാണ് ഗവർണർക്കെതിരെ എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചത്. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇന്നത്തെ പ്രസംഗം കണ്ടതോടെ വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണറുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തതാണ്. നടപടി ഭരണഘടനാ വിരുദ്ധമാണ്. ഡൽഹിയിൽ എൽഡിഎഫ് നടത്തുന്നത് സമ്മേളനമല്ല. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണ്. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറൽ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. കേന്ദ്ര ഏജൻസികൾ ഗൂഢനീക്കത്തോടെയാണ് സംസ്ഥാനത്തോട് പെരുമാറുന്നത്. സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികൾ തെറ്റായി ഇടപെടുകയാണെന്നും എം വി ഗോവിന്ദൻ അറിയിച്ചു.