തിരുവനന്തപുരം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി. ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ കൂടുതൽ സമയവും ചെലവഴിച്ചത് കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ്. പ്രസംഗത്തിൽ വളരെക്കുറച്ചാണ് ഗവർണർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെകുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദ്ദേശ പ്രകാരമാണ് എന്ന് സംശയിച്ചാൽ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ. ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

