പാട്ന: ബിജെപി പിന്തുണയിൽ ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. നിതീഷ് കുമാർ ബിഹാർ ഗവർണർ രാജേന്ദ്ര അർലേകറുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തകൊല്ലം ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ സംസ്ഥാനത്തെ നിലവിലുള്ള മഹാസഖ്യ സർക്കാർ പിരിച്ചുവിട്ടേക്കില്ലെന്നാണ് വിവരം.
ജനുവരി 28 ഞായറാഴ്ച്ച നിതീഷ് കുമാർ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരായി രണ്ട് ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ബീഹാറിലെ എംഎൽഎമാരുടേയും എംപിമാരുടേയും യോഗം അടിയന്തരമായി ബിജെപി വിളിച്ചുചേർത്തിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് തലസ്ഥാനമായ പാട്നയിലാണ് യോഗം ചേരുക. ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തിൽ വിള്ളൽ വീഴുന്നെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ആർ.ജെ.ഡി.യും ജെ.ഡി.യു.വും പട്‌നയിൽ പ്രത്യേകം യോഗംചേർന്നിരുന്നു.

