കടമെടുപ്പ്‌; സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള ശ്രമമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കടംവാങ്ങൽ ശേഷിക്ക് പരിമിതി അടിച്ചേൽപ്പിക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയെ സുപ്രീംകോടതിയിൽ ശക്തമായെതിർത്ത് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള ശ്രമമാണിതെന്നും ഹർജി അടിയന്തരമായി പരിഗണിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്.

സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാജരായി. അടുത്തമാസം ആദ്യം ബജറ്റ് അവതരിപ്പിക്കാനുള്ളതിനാൽ കേസ് ഉടൻ പരിഗണിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശമ്പളവും പെൻഷനും മറ്റും നൽകേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ബജറ്റുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സ്യൂട്ട് ഹർജി നിലനിൽക്കുന്നതല്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. ദേശീയ സാമ്പത്തിക മാനേജ്മെന്റ് നയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും മറ്റൊരു സംസ്ഥാനത്തിനും പ്രശ്‌നമില്ലല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. ഹർജിയിലെ എതിർപ്പ് മറുപടിയായി ഫയൽ ചെയ്യാൻ കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഫെബ്രുവരി 13-ലേക്ക് കേസ് മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്രവുമായുള്ള സംസ്ഥാനങ്ങളുടെ തർക്കം തീർപ്പാക്കാൻ ഭരണഘടനയുടെ 131-ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ‘ഒറിജിനൽ സ്യൂട്ട്’ ഹർജിയാണ് കേരളം ഫയൽ ചെയ്തത്. വളരെ ഗുരുതരമായ വിഷയമാണിതെന്നും പെൻഷനും മറ്റും കൊടുക്കേണ്ടതിനാൽ സുപ്രീംകോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.