തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. അയോദ്ധ്യയിലേക്ക് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവ്വീസുകൾ ഉടൻ ആരംഭിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി.
കേരളത്തിൽ നിന്നും 24 സ്‌പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ‘ആസ്ഥാ’ (വിശ്വാസം) എന്ന പേരിലാകും സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം, പാലക്കാട്, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും ജനുവരി 30 മുതലാണ് സർവ്വീസുകൾ ആരംഭിക്കും. 3300 രൂപയാണ് ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.
ഇന്ത്യയൊട്ടാകെ 66 ഓളം ആസ്ഥാ ട്രെയിനുകളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാമക്ഷേത്ര സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അടുത്ത മാസങ്ങളിൽ തന്നെ അയോദ്ധ്യയിൽ എത്തിക്കുകയെന്ന നിർദ്ദേശമാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.

