ന്യൂഡൽഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തെ ആഗോളതലത്തിൽ തന്നെയുള്ള തീർത്ഥാടന കേന്ദ്രമാക്കി ഉയർത്താനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ മറ്റ് പണികൾ ഉടൻ പൂർത്തിയാകുമെന്നും രണ്ടാം നിലയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റിന്റെ ട്രഷററായ സ്വാമി ഗുരുദേവ് ഗിരിജി പറഞ്ഞു. ഗണപതി, ശിവൻ, സൂര്യൻ, ദേവി ജഗദംബ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
പ്രധാന ക്ഷേത്രത്തിന്റെ നാല് മൂലകളിൽ ആയിട്ടായിരിക്കും ഈ ഉപ ക്ഷേത്രങ്ങളുടെ സ്ഥാനം. ഹനുമാനു വേണ്ടിയും അയോധ്യയിൽ പ്രത്യേക ക്ഷേത്രം നിർമ്മിക്കും. അന്നപൂർണ ദേവിക്കായി സമർപ്പിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ ഉണ്ടാകും.
രാമ ക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും അടങ്ങുന്ന ക്ഷേത്ര സമുച്ചയത്തിന് പുറത്ത് ശ്രീരാമനുമായി ബന്ധപ്പെട്ട മറ്റുചിലർക്കായുള്ള ഏഴോളം ക്ഷേത്രങ്ങളും ഉണ്ടാകും. വാത്മീകി, വസിഷ്ഠ മഹർഷി, വിശ്വാമിത്രൻ, ശവരി ദേവി, ജഡായു പക്ഷി തുടങ്ങിയവർക്കായി സമർപ്പിച്ച ക്ഷേത്രങ്ങളും ഈ പട്ടികയിൽ ഉണ്ട്.
കഴിഞ്ഞ ദിവസമാണ് രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്. 3 ലക്ഷത്തോളം പേർ ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

