തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് നിയമസഭയിൽ ഗവർണർ ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം അവസാനിപ്പിച്ചതിന് പിന്നിൽ ഈ പിണക്കം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയോടും സർക്കാരിനോടുമുള്ള തർക്കത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഭാവത്തിലാണ് ഗവർണർ ഇന്ന് നിയമസഭയിലെത്തിയതും മടങ്ങിപ്പോയതും. ഗവർണറെ സ്വീകരിക്കാൻ മുഖ്യമന്ത്രി നിയമസഭാ കവാടത്തിൽ എത്തിയിരുന്നു. സ്പീക്കർ എ എൻ ഷംസീറും പാർലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഗവർണറുടെ ശരീരഭാഷയിലും ചലനത്തിലും തന്റെ അനിഷ്ടം പ്രകടമായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കാനോ ഒരു പുഞ്ചിരി കൈമാറാനോ ഗവർണർ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മുഖത്തു നോക്കാതെ ബൊക്ക വാങ്ങി ഗൗരവഭാവത്തിലാണ് അദ്ദേഹം നടന്നു നീങ്ങിയത്. നയപ്രഖ്യാപന പ്രസംഗം ഒരുമിനിറ്റിനുള്ളിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയപ്പോഴും ഈ ഭിന്നത പ്രകടമായിരുന്നു.
ദേശീയ ഗാനത്തിന് ശേഷം ഗവർണർ പ്രസംഗിക്കാനായി എഴുന്നേറ്റ് നിന്നപ്പോൾ എല്ലാം ഒത്തുത്തീർപ്പായോ എന്ന് പ്രതിപക്ഷ നിരയിൽ നിന്ന് ചോദ്യങ്ങളുയർന്നു. തുടർന്ന് ആമുഖം വായിച്ച ശേഷം ഞാൻ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് അവസാന ഖണ്ഡിക വായിക്കുകയും ദേശീയ ഗാനത്തിന് ശേഷം ഉടൻ അദ്ദേഹം സഭ വിടുകയും ചെയ്തു.
അതേസമയം, സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

