റിപ്പബ്ലിക് ദിനം; കർത്തവ്യപഥിൽ ഇത്തവണ അരങ്ങേറുന്നത് നാരീശക്തി തെളിയിക്കുന്ന പരേഡ്

ന്യൂഡൽഹി: രാജ്യം ഇത്തവണ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷങ്ങൾ കേന്ദ്രസർക്കാർ ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്. നാരീശക്തി എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ സേനയിലെ വിവിധ വിഭാഗങ്ങളിലെ വനിത ഓഫീസർമാർ ഇത്തവണ പരേഡിൽ പങ്കെടുക്കും. പരേഡിൽ 80 ശതമാനത്തോളം ഇത്തവണ സ്ത്രീകളായിരിക്കും അണിനിരക്കുക.

ഇന്ത്യയുടെ സ്ത്രീ ശക്തി വിളിച്ചോതുന്ന പരേഡ് ആയിരിക്കും ഇത്തവണ നടക്കുക. പരേഡിനുള്ള സമ്പൂർണ ഡ്രസ്സ് റിഹേഴ്‌സൽ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ആർമിയുടെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സംഘം ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യപഥിൽ പങ്കെടുക്കുന്നുണ്ട്. ആർമി മെഡിക്കൽ കോറിനെ നയിക്കുന്നത് മേജർ സൃഷ്ടി ഖുല്ലർ ആണ്.

നേവി, എയർഫോഴ്‌സ്, ആർമി, ദന്തൽ കോർപ്‌സ് എന്നിവയിൽ നിന്നുള്ള 3 സൂപ്പർ ന്യൂമററി ഓഫീസർമാരും പരേഡ് സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മിലിറ്ററി നാസിംഗ് സർവീസിലെ 144 വനിത നഴ്‌സിംഗ് ഓഫീസർമാരുടെ സംഘവും പരേഡിൽ പങ്കെടുക്കും. ഇതിൽ 37 പേർ മലയാളികൾ ആണെന്നതാണ് മറ്റൊരു സവിശേഷത.

ജനുവരി 26-ന് രാവിലെ 9.30 മുതൽ 10 മണി വരെ വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് പരേഡ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവർ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. ഡൽഹി ഏരിയ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഭവ്‌നിഷ് കുമാറാണ് പരേഡ് നയിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായെത്തുന്നത്. ഈ വർഷത്തെ പരേഡിന് സാക്ഷിയാകാൻ 13,000 അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.