അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും വലിയ സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ദുരന്തനിവാരണസേനയും സുരക്ഷാ ക്രമീകരണങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അനുമതിയില്ലാത്ത ഒരു വാഹനം പോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യവസായികൾ, ബോളിവുഡ്, കായികതാരങ്ങൾ എന്നിവർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. എണ്ണായിരംപേർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്നാണ് ഹോട്ടലുകൾക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. അനുമതിയുള്ളവർ തന്നെയാണോ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-ന് അഭിജിത് മുഹൂർത്തത്തിലാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് ചടങ്ങുകൾ. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിന്റെ മുഖ്യകാർമികനാകും. ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കുചേരും.

