ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന റോഡപകടങ്ങൾ കാരണമെന്താണെന്ന് വിശദീകരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മോശമായ എൻജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും കാരണമാണ് ഇന്ത്യയിൽ റോഡപകടങ്ങളും മരണങ്ങളും വർദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷയാണ് ഇന്ത്യൻ സർക്കാരിന്റെ പ്രഥമ പരിഗണന. 2030 ഓടെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാനാണ് കേന്ദ്ര സർസർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഉടനീളമുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് (റോഡ് & വെഹിക്കിൾ എഞ്ചിനീയറിംഗ്), എൻഫോഴ്സ്മെന്റ്, വിദ്യാഭ്യാസം, എമർജൻസി മെഡിക്കൽ സേവനം ‘എന്നിവ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സാമൂഹിക സ്വഭാവത്തിലെ മാറ്റം വളരെ പ്രധാനമാണ്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ എല്ലാ പങ്കാളികളുടെയും സഹകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
ഓരോ വർഷവും അപകടകരമാംവിധം ഉയർന്ന റോഡപകട മരണങ്ങൾ രേഖപ്പെടുത്തുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2022-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളം 4.6 ലക്ഷം റോഡപകടങ്ങൾ ഉണ്ടായി, ഇത് 1.68 ലക്ഷം മരണങ്ങൾക്കും നാല് ലക്ഷം ഗുരുതരമായ പരിക്കുകൾക്കും കാരണമായി. ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും നടക്കുന്നുണ്ട്. റോഡപകടങ്ങളുടെ എണ്ണം 12 ശതമാനം വർധിച്ചതായും 2022ൽ മരണനിരക്ക് 10 ശതമാനം വർധിച്ചതായും ജിഡിപിക്ക് 3.14 ശതമാനം നഷ്ടം ഉണ്ടായി. റോഡപകടങ്ങളിൽ മരിച്ചവരിൽ 60 ശതമാനവും 18-35 വയസ്സിനിടയിലുള്ളവരാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

