തങ്കമണി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തീയറ്ററുകളിൽ ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രമാണ് തങ്കമണി. എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി. തങ്കമണിയിലെ പോലീസുകാർ ടീസറിൽ കാണിച്ചിരിക്കുന്നത് പോലെ ഇവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് തങ്കമണി സ്വദേശിയായ വി.ആർ.ബിജു നൽകിയ ഹർജിയിൽ പറയുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ എന്നാണ് പറയുന്നത്. വിദ്യാർത്ഥികലും ബസ്സിലെ ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് പോലീസ് നായാട്ടിലേക്ക് വഴി ഒരുക്കിയത്.

അതിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നത് വെറും അഭ്യുവങ്ങൾ മാത്രമാണെന്നും ഹർജിയിൽ പറയുന്നു. ഈ കേസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. മാത്രമല്ല, ഹർജിയിൽ കെ.കരുണാകരൻ മന്ത്രിസഭയെ പ്രതിരോധത്തിലാക്കാന്‍ കെട്ടിച്ചമച്ചതാണ് എന്ന വാദങ്ങളും ഉയർന്നിരുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെൻസർ ബോർഡ് ചെയർമാൻ, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ, നിർമാതാവ് ആർ.ബി.ചൗധരി, നടൻ ദിലീപ് എന്നിവരെ കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.