മൂന്നര കോടി തിരികെ കിട്ടണം; സിഡ്‌കോക്കെതിരെ ലോകായുക്തയെ സമീപിച്ച് വിദേശ കമ്പനി

തിരുവനന്തപുരം: സിഡ്‌കോക്കെതിരെ ലോകായുക്തയെ സമീപിച്ച് വിദേശ കമ്പനി. സിഡ്‌കോ തട്ടിയെടുത്ത മൂന്നര കോടി തിരികെ കിട്ടണമെന്നാവശ്യവുമായാണ് വിദേശ കമ്പനി സിഡ്‌കോയെ സമീപിച്ചത്. ഡി അമോണിയം ഫോസ്‌ഫേറ്റ് ഇറക്കുമതി ചെയ്യാനായി കരാർ പ്രകാരം നൽകിയ ബാങ്ക് ഗ്യാരണ്ടിയാണ് ഒമ്പത് വർഷമായി തിരികെ നൽകാത്തത്.

അതേസമയം, വ്യവസായ വകുപ്പിനും ലോകായുക്ത ഹർജിയിൽ നോട്ടീസ് അയച്ചു. സജി ബഷീർ സിഡ്‌കോ എംഡിയായിരുന്നപ്പോൾ ഉത്തർ പ്രദേശ് കോ-ഓപ്പറേറ്റീവ് ഫെഡറേഷനുമായി അമോണിയം ഫോസ്‌ഫേറ്റ് ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സിഡ്‌ക്കോയ്ക്ക് മുൻ പരിചയമോ അതിനുവേണ്ടി ഭൗതികസാഹചര്യങ്ങളൊന്നും ഇല്ലാതിരിക്കേയാണ് കോടികളുടെ കരാർ ഉണ്ടാക്കിയത്. കരാർ പ്രകാരം ബാങ്ക് ഗ്യാരന്റി നൽകണമെന്ന് ഉത്തർപ്രദേശിലെ കമ്പനി ആവശ്യപ്പെട്ടു. അമോണിയം ഫോസ്‌ഫേറ്റ് ഇറക്കുമതിക്കായി സിഡ്‌ക്കോ ഉപകരാർ വിളിച്ചു. കുവൈത്തിലുള്ള എൽ ജോൺ യുണൈറ്റഡ് കമ്പനിയാണ് ആഗോള കരാറിൽ യോഗ്യത നേടിയത്. കരാർ നേടിയ ശേഷം വൻ ചതിക്കുഴിയിൽ കൊണ്ടിട്ടുയെന്ന് വ്യക്തമാക്കിയാണ് കമ്പനി ലോകായുക്തയിൽ പരാതി നൽകിയിരിക്കുന്നത്.

സിഡ്‌കോ അധികൃതരെ വിശ്വസിച്ച് ഉത്തർപ്രദേശിലെ കമ്പനിക്ക് നൽകേണ്ട ബാങ്ക് ഗ്യാരന്റിയായി മൂന്നരക്കോടി കൈമാറിയെന്നും പപരാതിയിലുണ്ട്. കുവൈത്ത് കമ്പനി നൽകിയ ഇ – മെയിലുകൾക്ക് മറുപടി ഉണ്ടായില്ല. കേരളത്തിലെത്തിയ പ്രതിനിധികളോട് എല്ലാ ഉടൻ ശരിയാകുമെന്നായിരുന്നു സിഡ്‌കോ നൽകിയ മറുപടി.

കരാർ ലംഘിച്ചതിനാൽ ബാങ്ക് ഗ്യാരന്റി തുക ഉത്തരപ്രദേശ് കമ്പനി സ്വന്തമാക്കിയെന്നാണ് കുവൈത്ത് കമ്പനിയ്ക്ക് അവസാനമായി ലഭിച്ച മറുപടി. വിദേശ കമ്പനി കൈമാറി പണം സിഡ്‌കോ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വ്യവസായ വകുപ്പ് അധികൃതർ പറയുന്നത്.