ചെന്നൈ: വളർത്തുമകൾ ശീതൾ ക്രൂരമായി മർദിച്ചുവെന്ന പരാതിയുമായി നടി ഷക്കീല. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശീതളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ശീതളിന്റെ ബന്ധുക്കൾ ഷക്കീലക്കെതിരെയും പോലീസിൽ പരാതി നൽകി. ഷക്കീല തങ്ങളെ ആക്രമിച്ചെന്നാണ് ശീതളിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതൽ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളർത്തുന്നത്. ശനിയാഴ്ച വൈകീട്ടോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മിൽ തർക്കമുണ്ടായത്.
വാക്കുതർക്കത്തിനിടെ ഷക്കീലയെ മകൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് പരാതി. പ്രശ്‌നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടിൽ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

