ചെന്നൈ: 2029 യൂത്ത് ഒളിമ്പിക്സിനും 2036 ഒളിമ്പിക്സിനുമുള്ള ആതിഥേയത്വത്തിനായി കേന്ദ്ര സർക്കാർ ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം. ഈ വർഷം ഇന്ത്യ കായികരംഗത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിനും ലോകത്തിനും പുതിയ നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അവനേടാനും സാധിക്കും. കഴിഞ്ഞ 10 വർഷത്തിൽ കായിക രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ചെറുപ്പക്കാർ കായിക മേഖലയിലേക്ക് വരുന്നത് കാത്തിരിക്കാതെ കായികരംഗത്തെ യുവജനങ്ങളിലേക്കെത്തിക്കുകയാണ് സർക്കാരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുംബൈയിൽ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വർഷത്തിനുള്ളിൽ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

