ഗുവാഹത്തി: അഭയം തേടി നൂറുകണക്കിനു മ്യാന്മർ സൈനികർ ഇന്ത്യൻ അതിർത്തിയിലേക്ക്. മ്യാന്മറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെയാണ് അഭയം തേടി മ്യാന്മർ സൈനികർ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തുന്നത്. മിസോറാമിലെ ബൻദുക്ബൻക ഗ്രാമത്തിലേക്ക് ആണ് 276 അംഗ മ്യാന്മർ സൈന്യം എത്തിയത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്.
നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിൽ സുരക്ഷ വേലി ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള അതിർത്തി വേലികെട്ടി അടച്ചതുപോലെ ഇന്ത്യ – മ്യാന്മർ അതിർത്തിയും വേലികെട്ടി അടയ്ക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഗുവാഹത്തിയിലെ അസം പൊലീസ് കമാൻഡോസിന്റെ പാസിങ് ഔട്ട് പരേഡിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മിസോറം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് മ്യാന്മറുമായി അതിർത്തിയുള്ളത്. 1643 കിലോമീറ്റർ അതിർത്തിയാണ് മ്യാന്മറുമായി ഇന്ത്യ പങ്കിടുന്നത്.
അനധികൃത കുടിയേറ്റം തടയുന്നതിനായി ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം സർക്കാർ നിർത്തണമെന്ന ആവശ്യം നേരത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉന്നയിച്ചിരുന്നു. മ്യാന്മറുമായുള്ള അതിർത്തിയിൽ വേലികെട്ടാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

