ഉറുമ്പ് കൊണ്ടൊരു ചട്ണി. കേട്ടത് സത്യമാണ്. ഉറുമ്പുകളെ അത്ര നിസ്സാരക്കാരായി കാണണ്ട. ഇവരെ ഉപയോഗിച്ച് നമുക്ക് ഭക്ഷണവും പാകം ചെയ്യനാകും. ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലാണ് ചുവന്ന ഉറുമ്പുകളെ ഉപയോഗിച്ച് ചട്ണി ഉണ്ടാക്കുന്നത്. “കായ് ചട്ണി” എന്നാണ് വിഭവത്തിന്റെ പേര്. ഔഷധ ഗുണങ്ങൾക്കും പോഷക ഗുണങ്ങൾക്കും പേരുകേട്ട ഈ ചട്ണിക്ക് 2024 ജനുവരി 2 ന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് ലഭിച്ചു. ഈ വിഭവം തയാറാക്കാന്‍ ഉപയോഗിക്കുന്നത് Oecophylla smaragdina എന്നറിയപ്പെടുന്ന ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെയാണ്.
ഈ ജില്ലിയിലെ ആദിവാസി കുടുംബങ്ങൾ ഉറുമ്പിന്‍ കൂടുകള്‍ കണ്ടെത്തി, ഉറുമ്പുകളെയും മുട്ടകളും അവര്‍ ശേഖരിക്കുന്നു അതിനു ശേഷം ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയുടെ മിശ്രിതം ഉറുമ്പുകള്‍ക്കൊപ്പം ചേര്‍ത്താണ് ചട്ണി ഉണ്ടാക്കുന്നത്. ഈ ഉറുമ്പുകളെ മയൂർഭഞ്ജിലെ വനങ്ങളിലാണ് സാധാരണയായി കാണാൻ സാധിക്കുന്നത്. ആദിവാസി കുടുംബങ്ങൾ ഈ ചട്ണി വിറ്റും ജീവിക്കുന്നു. ഇവ ഒരു വർഷം വരെ കേടു കൂടാതെയും ഇരിക്കും. സമാനമായ ഉറുമ്പ് ചട്ണികൾ ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടാക്കാറുണ്ട്.

