അയോധ്യാ പ്രാണ പ്രതിഷ്ഠ : ചരിത്രത്തിന്റെ ഭാഗമായി കുട്ടനാട്ടുകാരൻ കെ കെ നായരും

ന്യൂഡൽഹി : അയോധ്യയിൽ  രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ്  നടന്ന ഈ വേളയിൽ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് കുട്ടനാട്ടുകാരനായ കെ കെ നായരുടെ ഓർമ്മകൾ. അയോദ്ധ്യ കേസ് വഴിത്തിരിവിൽ എത്തിച്ച വ്യക്തിയാണ് കെ കെ നായർ. അയോധ്യ ക്ഷേത്ര നഗരിയിൽ അദ്ദേഹത്തിനും സ്മാരകം ഉയരും എന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ ശില്പവും ചിത്രവുമുള്ള മുറിയും ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ടാകും.

 70 വർഷങ്ങൾക്കു മുമ്പ്  അയോധ്യ നഗരം ഉൾപ്പെടുന്ന ഫൈസബാദ് ജില്ലയുടെ കളക്ടർ ആയിരുന്നു കെ കെ നായർ. 1949 ഡിസംബർ  22ന് രാത്രി  മസ്ജിദിനുള്ളിൽ രാമ വിഗ്രഹം പ്രതിഷ്ഠിച്ചതിനെ ന്യായീകരിച്ചതോടെയാണ് അയോധ്യ തർക്കത്തിൽ വഴിത്തിരിവ് സംഭവിക്കുന്നത്. കെ കെ നായർ വിഗ്രഹമിരുന്ന മുറിപൂട്ടി നിശ്ചിത സമയത്ത് പൂജയും ആരാധനയും നടത്താൻ ഭക്തർക്ക് അനുമതി നൽകുകയും ചെയ്തു. ജവഹർലാൽ നെഹ്റു ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും നെഹ്റുവും വിഷയത്തിൽ ഇടപെട്ടു.  ബലപ്രയോഗത്തിലൂടെ ആണെങ്കിലും മസ്ജിദിനകത്തുള്ള സന്ന്യാസിമാരെ പുറത്താക്കണമെന്നായിരുന്നു അവർ നൽകിയ നിർദ്ദേശം. എന്നാൽ കെ കെ നായർ ഇതിന് വഴങ്ങിയിരുന്നില്ല.

 പകരം അദ്ദേഹം മസ്ജിദിനെ ഏറ്റെടുത്ത് അയോധ്യ  മുൻസിപ്പൽ കോർപ്പറേഷനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കെ കെ നായർ സർവീസിൽ നിന്നും സസ്‌പെൻഡ് 

ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം കോടതിയെ സമീപിച്ചു സർവീസിൽ തിരിച്ചു കയറി. ശേഷം അദ്ദേഹം സർവീസിൽ നിന്ന് രാജിവച്ച് അഭിഭാഷകനായി മാറി.