ന്യൂഡൽഹി: മഥുര കൃഷ്ണ ജന്മഭൂമി കേസിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവെ സ്റ്റേ ചെയ്ത് സുപ്രീം കോടതി. മസ്ജിദിൽ സർവ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. അഡ്വക്കേറ്റ് കമ്മീഷന്റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണം പള്ളി പൊളിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരുന്നത്.
സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തിട്ടുണ്ട്.

