യാത്രക്കാരൻ പൈലറ്റിനെ മർദ്ദിച്ച സംഭവം; ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരൻ പൈലറ്റിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ സംഭവങ്ങൾ അസ്വീകാര്യമാണെന്നും നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ഇതിനെ ശക്തമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇൻഡിഗോ പൈലറ്റ് അനൂപ് കുമാറിനാണ് മർദ്ദനമേറ്റത്. യാത്രക്കാരനായ സഹിൽ കതാരിയയാണ് പൈലറ്റിനെ മർദ്ദിച്ചത്. ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹിൽ കതാരിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് 6ഇ 2175 വിമാനത്തിൽ കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.