തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എൻഎസ്എസ്. അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എൻഎസ്എസ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 22 ന് അയോദ്ധ്യയിൽ ശ്രീരാമ തീർത്ഥ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ചടങ്ങിനെ ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദ എന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും എന്ന് എൻഎസ്എസ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയോ അല്ല എൻഎസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ ഘട്ടം മുതൽ എൻഎസ്എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

