ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് മാലദ്വീപ്; ഉഭയകക്ഷി ബന്ധം ദൃഢമാക്കാനും തീരുമാനം

ബെയ്ജിങ്: ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് മാലദ്വീപ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുകൾ തുടരുന്നതിനിടെയാണ് മാലദ്വീപ് ചൈനയുമായി കരാറിലേർപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാനാണ് തീരുമാനമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളിൽ ഒപ്പുവച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ചൈനയിലെത്തിയത്.

മാലദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് സന്ദർശന വേളയിൽ അദ്ദേഹം ചൈനയോട് അഭ്യർഥിച്ചിരുന്നു. നയതന്ത്ര പ്രശ്‌നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്. വെള്ളിയാഴ്ചയാണ് മുയിസു മാലദ്വീപിലേക്ക് തിരികെ പോകുന്നത്. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ അദ്ദേഹം സന്ദർശിക്കും.

അതേസമയം, തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നായിരുന്നു ചൈനയെ മാലദ്വീപ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഹമ്മദ് മുയിസു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളെ മുയിസു പ്രശംസിക്കുകയും ചെയ്തു. പദ്ധതി മാലിദ്വീപ് ചരിത്രത്തിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികൾ എത്തിക്കാൻ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.